2011 ഓഗസ്റ്റ് 24, ബുധനാഴ്‌ച

മഴ ചിത്രങ്ങള്‍












ഫസല്‍ ഒരു മഴതുള്ളി 

നമുക്ക് നഷ്ടപ്പെട്ട ബാല്യം

 സ്നേഹത്തിന്റെയും സമൃദ്ധിയുടേയും ഒരുമയുടേയും ഗൃഹാതുരമായ ഓര്മകളുണര്ത്തിക്കൊണ്ട് ഒരോണക്കാലം കൂടി കടന്നു വരവായി.ഓണം കേരളത്തിന്റെ സ്വന്തം ആഘോഷമാണ്- നമ്മുടെ ദേശീയോത്സവം. മാവേലിത്തമ്പുരാന്റെ ത്യാഗത്തിന്റെ സ്മൃതികളുണര്ത്തുന്ന പൂക്കാലം.....കേരളത്തിന്റെ വസന്ത കാലം.
കര്ക്കിടകത്തിലെ പഞ്ഞക്കാലത്ത് ഒരോ മലയാളിയും കാത്തിരുന്നത് വിളവെടുപ്പിന്റെ സമൃദ്ധിയുമായെത്തുന്ന പൊന്ചിങ്ങപ്പുലരികളെയായിരുന്നു. നെല്ലും വാഴയും പച്ചക്കൃഷികളുമെല്ലാം സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങള്....... വേലിപ്പൂക്കളടര്ന്നു വീണ നാട്ടിടവഴികളിലും വയല് വരമ്പിലുമെല്ലാം പൂവിളിയും പൂക്കൂടയുമായി തുമ്പയും തെച്ചിയും അരിപ്പൂവും മുക്കുറ്റിയും തേടി പൂമ്പാറ്റകളെപ്പോലെ കുസൃതിക്കൂട്ടങ്ങള്...........ഓരോ വേലിപ്പൊന്തയും പൂത്താലമെടുക്കുന്ന ഹൃദയഹാരിയായ കാഴ്ചകള്.....ഒരു ചുണ്ടില് നിന്നുയര്ന്ന് അനവധി ഏറ്റുപാടുന്ന ഓണപ്പാട്ടിന്റെ അലയൊലികള്...............കുട്ടികള് തന്നെയാണ് ഒരോ അഘോഷത്തിന്റെയും മാറ്റു കൂട്ടുന്നത്,,,,,,അവരുടെ കളിചിരികളാണ് ഓരോ ഉത്സവത്തിനും നിറച്ചാര്ത്താവുന്നത്.
ഇത് വര്ഷങ്ങള്ക്കപ്പുറത്തെ ഓണക്കാലതിന്റെ ഒളിമങ്ങാത്ത ഒരോര്മച്ചിത്രം. നമ്മുടെ കുട്ടികള്ക്ക് ഓണം മാത്രമല്ല എല്ലാ ആഘോഷങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, പ്രായത്തില് കവിഞ്ഞ ഉത്തരവാദിത്തങ്ങള് തലയിലേറ്റിയ( തലയില് കെട്ടിയേല്പിച്ച) അവര്ക്ക് മനസറിഞ്ഞൊന്നു ചിരിക്കാന് പോലും സമയമില്ലാതായിരിക്കുന്നു. സ്വപ്നം കാണാനും കൂട്ടുകൂടാനും അവര്ക്ക് അവധിക്കാലങ്ങള് പോലും ഇല്ലാതായിരിക്കുന്നു.

ഇത് ഒരു കുട്ടിക്കാലം.ബാല്യത്തിന്റെ കുസൃതിച്ചുമരുകളിലെ പച്ചിലച്ചിത്രങ്ങള് നിറം മങ്ങി കളി ചിരി മായുന്ന കുട്ടിക്കാലം.നാട്ടു മാവിന് ചുവട്ടിലെ കുഞ്ഞു കൈകളെക്കാത്ത് തപസ്സിരിക്കുന്ന കണ്ണിമാങ്ങകള് അനാഥകാകുന്ന കാലം. ഇലഞ്ഞിച്ചോട്ടിലടര്ന്നു വീണ പൂക്കള് കൈവളക്കിലുക്കങ്ങള്ക്ക് കാതോര്ക്കുന്ന കാലം.
പണ്ട് ഇങ്ങനെ യായിരുന്നില്ല. ഒരോ ഉത്സവകാലത്തും അവധിക്കാലത്തും ഓരോ കുട്ടിയുടെയും മനസിന്റെ വാതിലുകള് തുറന്നിരുന്നത് കൂട്ടു കൂടലിന്റേയും ആഹ്ലാദാരവങ്ങളുടേയും നടുമുറ്റത്തേക്കായിരുന്നു.കലപില കൂട്ടി, കുസൃതി കാട്ടി,വെറുതെയെങ്കിലും പിണങ്ങി, കടായ കാടും മേടായ മേടും താണ്ടി വിയര്ത്തൊലിച്ച് മദിച്ചു നടന്ന കുട്ടിക്കൂട്ടങ്ങളെ ഇന്നു കാണാനേയില്ല
മാന്ചുവട്ടില് കണ്ണിമാങ്ങകള്ക്കായി പിടിവലി കൂടി, അണ്ണാറക്കണ്ണന്മാരെ കല്ലെറിഞ്ഞോടിച്ച് മാമ്പഴം കൈക്കലാക്കാന് വെമ്പുന്ന പഴയ ബാല്യം നാട്ടുമാമ്പഴം പോലെ മധുരിക്കുന്നൊരോര്മയാണ്.തലപ്പന്തു കളിയുടെ ആരവങ്ങള്ക്കിടയില് കാല്‍ വിരല്  കുത്തി ചോരയൊലിച്ചിരുന്നതൊന്നും അവര് അറിഞ്ഞിരുന്നേയില്ല.

കൊത്തങ്കല്ലു കളിച്ച് കൈവെള്ളയിലെ തോലി പൊട്ടിയൊലിക്കുന്ന ചോരത്തുള്ളികള് മൈലാഞ്ചിച്ചോപ്പു പോലെ അലങ്കാരമായിരുന്നു പെണ്കുട്ടികള്ക്ക്.കണ്ണാരം പൊത്തലും വട്ടുകളിയും നീന്തലും മരം കയറലുമെല്ലാം ആണ്-പെണ് ഭേദമന്യേ കുട്ടികള്ക്ക് ഒരു പോലെ പ്രിയപ്പെട്ടതായിരുന്നു.
കൊയ്ത്തൊഴിഞ്ഞ പാടങ്ങളില് വെയിലാറുന്നതോടെ കാല്പന്തുകളിയുടെ ആരവങ്ങളാണുയരുക. വിദ്യാലയങ്ങളടച്ചാല് ബന്ധുവീടുകളില് വിരുന്നിനു പോകാമെന്ന നിറമുള്ള പ്രതീക്ഷകളായിരുന്നു ഏറെ സന്തോഷിപ്പിച്ചിരുന്ന മറ്റൊരു ഘടകം.ഒരു വീട്ടില് നിന്നു തുടങ്ങി മറ്റൊരിടത്തെത്തി അവിടെയുള്ള കൂട്ടുകാരെ കൂടെക്കൂട്ടി മറ്റൊരിടത്തേക്ക്. പര്യടനം അവസാനിക്കുമ്പോഴേക്ക് സംഘത്തിലെ അംഗങ്ങളുടെ എണ്ണം കൂടും........ബന്ധങ്ങളുടെ ദൃഢതയും.
പിന്നെ അവധിക്കാലം കഴിയുമ്പോള് നിറമുള്ള ആയിരം ഓര്മകളുമായി തിരികെയെത്തും.മുത്തഛന്റെയും മുത്തശ്ശിയുടെയുമൊക്കെ സ്നേഹത്തിന്റെയും ലാളനയുടെയും മണമുള്ള കൈനീട്ടങ്ങളുടെ വിഷുക്കാലം കാത്തുകൊണ്ട്.

സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്ത്തിത്തിന്റെയും ആര്ദ്രത വറ്റിയ വറുതിക്കാഴ്ചകളാണ് ഒരോ അവധിക്കാലവും നമ്മുടെ കുട്ടികള്ക്ക് സമ്മാനിക്കുന്നത്.കൂട്ടു കുടുംബതിന്റെ നാട്ടുവഴികളില് നിന്ന് അണുകുടുംബത്ത്ന്റെ കോണ്ക്രീറ്റ് കൂടുകളിലേക്ക് മനുഷ്യനും മനസും കുടിയേറിയ കാലം.പിസയും ബര്ഗറും കോളയും നിറം ചാര്ത്തിയ പുതിയ ബാല്യം.
നാട്ടുമാങ്ങാചുനയുടെ മണമടിച്ചാല് ഓക്കാനിക്കുന്ന പുതിയ ബാല്യം. നിയോണ് ബള്ബിന്റെ വെളിച്ചം ശീലിച്ച കണ്ണുകള്ക്ക് നിലാവെളിച്ചം ഇപ്പോള് അലര്ജ്ജിയാണ്. കധ പറയുന്ന മുത്തശ്ശിക്ക് പകരം നമ്മുടെ കുഞ്ഞുങ്ങള്ക്കിപ്പോള് കൂട്ടു കിടക്കുന്നത് അനിമേഷന് കഥാപാത്രങ്ങളാണ്.കമ്പ്യൂട്ടര് ഗെയിമില് വ്യാപരിച്ച് രാത്രിയെ പകലാക്കുന്നു നമ്മുടെ ബാല്യം.
പുത്തന് സാമ്പത്തിക നയവും കമ്പോള വല്ക്കരണവും ഏറെ ബാധിച്ചത് നാം മലയാളികളെത്തന്നെയാണ്. ഏതു കടന്നു കയറ്റത്തേയും ഇരു കൈയും നീട്ടി സ്വീകരിച്ചതു കൊണ്ടാണല്ലോ പണ്ട് നാം ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായത്.പുരോഗതിയുടേയും വികസനത്തിന്റേയും പേരില് അന്യ സംസ്കാരങ്ങളെ വാങ്ങിയപ്പോള് നാമറിഞ്ഞില്ല നമുക്ക് നഷ്ടമാകുന്നത് നമ്മളെത്തന്നെയാണെന്ന്.

അതു കൊണ്ടാണല്ലോ മരത്തണലിലെ ഓലപ്പന്തലില് ചോറും കറിയും വച്ചു കളിക്കുന്നതിനു പകരം ഉരുകുന്ന മീനച്ചൂടില് പോലും നമ്മുടെ കുട്ടികള് പാഡുകെട്ടി ക്രിക്കറ്റു കളിക്കുന്നത്. മനസ്സറിഞ്ഞ് മിണ്ടാനും പറയാനും പങ്കുവെക്കാനും ആരുമില്ലാത്തതു കൊണ്ടല്ലേ അവരില് ചിലരെങ്കിലിം ഒന്നും പറയാതെ മരണത്തിന്റെ കാണാമറയത്തേക്കു സ്വയം നടന്നു നീങ്ങുന്നത്, കൂട്ടു കൂടി സ്വയം തീര്ത്ത ആകാശങ്ങളില്ലഹരി നുണയുന്നത്, പാവക്കുഞ്ഞിനെ പാടിയുറക്കേണ്ട പ്രായത്തില് അമ്മ വേഷങ്ങളില് പെണ്കുരുന്നുകള്ക്ക് പകര്ന്നാടേണ്ടി വരുന്നത്.

സംസ്കാരത്തേയും പൈതൃകത്തേയും കമ്പോളവല്കരിച്ചപ്പോഴാണ് നമ്മുടെ നാട്ടില് കുടുംബ ജീവിതത്തിന്റെ ഈണം നഷ്ടമായത്.ബാല്യ കൌമാരങ്ങളെ മാത്രമല്ല രക്ഷിതാക്കളെക്കൂടി ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളാക്കാന് ദൃശ്യ മാധ്യമങ്ങള്ക്കു സാധിക്കുകയും ചെയ്തു. നമ്മുടെ വീടിന്റെ അകത്തളങ്ങളൊക്കെ ഒറ്റപ്പെട്ട ഒരൊ ദ്വീപുകളായിത്തീര്ന്നിരിക്കുന്നു എന്നതു കൊണ്ടു തന്നെ സമൂഹത്തിന്റെ സ്പന്ദനങ്ങള് പുതു തലമുറ അറിയാതെ പോകുന്നു.ഇത്തരം പൊങ്ങച്ച സംസ്കാരത്തിന്റെ കെട്ടികാഴ്ചകളില് നിന്ന് രക്ഷ നേടണമെങ്കില് നാം കൈവെടിഞ്ഞ പാരമ്പര്യത്തിന്റേയും പൈതൃകത്തിന്റേയും നാക്കിലകളില് ഇനിയുള്ള കാലമെങ്കിലും ഓണമുണ്ടേ മതിയാകൂ.
അങ്ങനെ നമ്മുടെ കുഞ്ഞുങ്ങള് അവരവരുടെ മുറ്റത്ത് ഇനിയുള്ള കാലത്തെങ്കിലും മണ്ണപ്പം ചുട്ടു കളിക്കട്ടെ. നിയന്ത്രണങ്ങളില്ലാത്ത നീലാകാശങ്ങളില് ആവോളം പട്ടം പറത്തട്ടെ.
ഇതൊരു സ്നേഹത്തോടെയുള്ള ഓര്മപ്പെടുത്തലാണ്....സസ്നേഹം   ഫസല്‍ റഹ്മാന്‍...